ഉളിക്കൽ: കരുമാങ്കയം വട്യാംതോട് റോഡിൽ മഴവെള്ളം കുത്തിയൊഴുകി മണ്ണും കല്ലും നിറഞ്ഞ് അടഞ്ഞുപോയ പൊതുമരാമത്ത് റോഡിലെ ഓവുചാൽ അധികൃതരുടെ അവഗണയെ തുടർന്ന് പ്രദേശവാസികൾ ശ്രമദാനത്തിലൂടെ നവീകരിച്ചു. വർഷങ്ങളായി ഇടവഴിയിൽ നിന്ന് പിഡബ്ല്യുഡി റോഡിലേക്ക് വെള്ളം കുത്തിയൊഴുകിയാണ് ഓവുചാല്‍ അടഞ്ഞത്. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഓവുചാൽ അടഞ്ഞതോടെ പിഡബ്ല്യുഡി റോഡിലേക്ക് ഒഴുകി റോഡിൽ കല്ലും മണ്ണും നിറഞ്ഞ് വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായിരുന്നു.
റോഡിലൂടെ ഒഴുകുന്ന മലിന ജലം സമീപത്തെ വീടിന്റെ കിണറ്റിൽ കലർന്ന് കുടിവെള്ളം മലിനപ്പെടുന്നതായും പരാതി ഉയർന്നിട്ടുണ്ട്. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേ തുടർന്നാണ് പ്രദേശവാസികളും കോൺഗ്രസ് പെരുമ്പള്ളി ബൂത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അടഞ്ഞുകിടന്ന ഓവുചാലുകൾ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് നവീകരിച്ചത്.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി തുരുത്തേൽ, കോൺഗ്രസ് പെരുമ്പള്ളി ബൂത്ത് പ്രസിഡന്റ് ജൂണോ തണങ്ങാട്ട്, വാർഡ് വികസന ചെയർമാൻ തോമസ് കരിമ്പന, ബ്ലോക്ക് സെക്രട്ടറിമാരായ ബെന്നി കരിമാലൂർ, എം.കെ. രാജൻ, ബെന്നി ആഞ്ഞിലിത്തോപ്പിൽ, ലീഗ് നേതാവായ സി.എ. മുജീബ് , പ്രദേശവാസികളായ സി.എച്ച്. മൈമൂത്, പോൾസൺ പുളിക്കകണ്ടത്തിൽ, ജോണി കാഞ്ഞിരത്താംകുന്നേൽ, സി.എച്ച്. ഷുക്കൂർ എന്നിവർ നേതൃത്വം നൽകി. ഓവുചാല്‍ കോൺക്രീറ്റ് ചെയ്ത് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.